മഴയുടെ താളത്തിലാണ്
നിന്നിലേക്കുള്ള ദൂരം
നടന്നു തീര്‍ക്കുന്നത്
ചിലപ്പോള്‍
ശാന്തമായും.....
ചിലപ്പോള്‍
വന്യമായും ....
തളിര്‍ത്തു വരുന്ന
അനക്കങ്ങള്‍
പകലിലേക്ക്
പടരുന്ന
രാത്രിയെ പോലെ
വിരിഞ്ഞു വരുന്ന
നോട്ടങ്ങള്‍
തൊടുമ്പോള്‍
കൂടെ പോരുന്ന
പൂവിന്‍റെ പരാഗം
പോലെ
എത്രയകന്നു നിന്നാലും
നിന്‍റെ വിയര്‍പ്പ്
എന്‍റെ ചലനങ്ങളില്‍
പൊടിയുന്നു
ചുണ്ടുകളിലേക്ക്
പ്രവഹിക്കുന്ന
ഹൃദയത്തിന്‍റെ ദാഹം
ചുംബനങ്ങളാകുന്നു
തെളിഞ്ഞ ആകാശത്തിലേക്ക്
തെറിച്ചു വീണ മേഘം
പിടഞ്ഞു തീരുമ്പോള്‍
പിറന്നു പോയ
ഒരു തുള്ളിയില്‍
നഗ്നത
നനഞ്ഞു കുതിരുന്നു
ഒരു പൂവിലേക്ക് മാത്രം
നോക്കിയിരിക്കുമ്പോള്‍
വിരിഞ്ഞിറങ്ങുന്ന
പൂക്കാലത്തിനു
നിന്‍റെ നിറമാണ്
നിന്‍റെ മണമാണ് ...
എതുവിരലിലൂടെയാണ്
പ്രണയത്തിന്‍റെ വേരുകള്‍
പടര്‍ന്നിറങ്ങിയത്
ദൂരത്തിന്‍റെ
കണക്കുകള്‍ തെറ്റിച്ചു
ഭൂമിയിലൂടെ സഞ്ചരിച്ച
വഴികളില്‍
അടയാളവാക്യങ്ങലോരോന്നും
മുളച്ചു പൊങ്ങുന്നു
കറുപ്പിനും വെളുപ്പിനുമിടയില്‍
നിറങ്ങളുടെ പ്രവാഹം
നിറഞ്ഞു കവിയുന്നതിനെ
അടക്കിപ്പിടിക്കുമ്പോള്‍
നേര്‍ത്ത് പോകുന്ന അതിര്‍ത്തികള്‍
നിറയൊഴിക്കുന്ന കണ്ണുകളാല്‍
തകര്‍ക്കപ്പെടുന്നു
വരച്ചു വെച്ച വഴികളും
ദൂരങ്ങളും
ഒലിച്ചു പോകുന്നു
മഴയുടെ തലത്തിലാണ്
നിന്നിലേക്കുള്ള ദൂരം
നടന്നു തീര്‍ക്കുന്നത്
ചിലപ്പോള്‍
ശാന്തമായും
ചിലപ്പോള്‍
വന്യമായും....