മറവിക്കാലം
അടിവേരുകളൊന്നുമില്ലാതെ
ഉരുക്കുമരങ്ങള്‍
ഒരറ്റത്തേക്കുമാത്രം വളരുന്നു
ജലവും പുരാണവും
നഷ്ടപ്പെട്ട പുഴ
കണ്ണിലൊരു
മണല്‍ക്കാടു പോലും
ബാക്കിയാക്കുന്നില്ല
കടലിന്‍റെ
കറുത്ത നെഞ്ചിലിപ്പോള്‍
തകരുന്ന കപ്പലിന്‍റെ
അവസാനത്തെ ഞരക്കം
വഴികാട്ടികള്‍
വരച്ചുവെച്ച
വളവുകളും തിരിവുകളും
ചുഴിക്കുത്തുകളും
തിരിച്ചറിയാനാവാതെ
എല്ലാവഴികളിലും
കപ്പിത്താന്‍
നിശ്ചലനാവുന്നു
അയാള്‍ ആരെന്ന്
ആര്‍ക്കുമറിയില്ല ...
മറവിയുടെ പന്നികള്‍
പുളച്ചു പെരുകുന്ന തലച്ചോറ് .
മുറിവുകളില്‍
വല കെട്ടുന്ന ചിലന്തി
പ്രത്യാശിക്കുന്നതെന്താവാം....
ഒരിക്കെലെങ്കിലും
സ്നേഹത്തിന്‍റെ അടയാളം ചുമന്ന്
ഒരു ചുംബനം വഴി തെറ്റി വരുമെന്നോ..
മറവിക്കാലം അനുഗ്രഹമാണ്
അമ്മ പറഞ്ഞുതന്ന
ആയിരം കഥകളും
ഇരുട്ടിലേക്ക് ഒലിച്ചുപോയി
പ്രണയം ഫലിതമാക്കിയവള്‍
ആരുടേയും ഹൃദയം കലക്കുന്നില്ല
ആരും ആരെയും അറിയുന്നില്ല
ആരും ആരിലും ജീവിക്കുന്നില്ല
കരുതിയിരിക്കേണ്ടത്
ഇത്രമാത്രം
ആരുടെയെങ്കിലും വേരുകള്‍
ഭൂതകാലത്തിലേക്കിറങ്ങി
കണ്ണുകള്‍
വര്‍ത്തമാനത്തിലേക്ക്
മുളച്ചു പൊങ്ങുന്നുണ്ടോ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ